ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ കുതിച്ച ലിവർപൂളിനെ സ്വന്തം തട്ടകത്തിൽ അട്ടിമറിച്ച് നോട്ടീങ്ഹാം ഫോറസ്റ്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെമ്പടയെ തകർത്തത്.
1969ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ഫോറസ്റ്റ് വിജയം നേടുന്നത്. പഴയ വീര്യം മറന്ന് ആൻഫീൽഡിൽ ഉഴറിയ ലിവർപൂളിനെതിരെ 72ാം മിനിറ്റിൽ ഹഡ്സൺ ഒഡോയ് ആണ് നോട്ടിങ്ഹാമിനെ ജയിപ്പിച്ച ഗോൾ കുറിച്ചത്. തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ സീസണിൽ ചെമ്പടക്ക് ആദ്യ തോൽവിയായി. പന്തടകത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലുമെല്ലാം ആതിഥേയർ മുന്നിട്ടുനിന്നെങ്കിലും ഗോൾ മടക്കാനായില്ല.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. വലതുവിങ്ങിൽനിന്ന് ആന്റണി എലാംഗ നൽകിയ ലോങ് ബാൾ സ്വീകരിച്ച് ഒഡോയി കുതിച്ചുകയറി. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഉതിർത്ത വലങ്കാൻ ഷോട്ട് അലിസൻ ബക്കറെ മറികടന്ന് വലയിൽ. അവസാന മിനിറ്റുവരെയും ഗോൾ മടക്കാനുള്ള ചെമ്പടയുടെ ശ്രമങ്ങളെ നോട്ടിങ്ഹാം പ്രതിരോധിച്ചു.
പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബിന്റെ ആദ്യ തോൽവിയാണ്. മറ്റൊരു മത്സരത്തിൽ ബ്രെന്റ് ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റർ സിറ്റി തോൽപിച്ചു. ഗോൾ മെഷീൻ എർലിങ് ഹാളണ്ട് ഇരട്ടഗോൾ നേടി. 19,32 മിനിറ്റുകളിലായാണ് നോർവീജിയൻ താരം വലകുലുക്കിയത്. നാലു മത്സരങ്ങളിൽനിന്ന് താരത്തിന്റെ ഗോൾ നേട്ടം ഒമ്പതായി.
ആദ്യ മിനിറ്റിൽ യോനെ വിസയുടെ ഗോളിൽ ബ്രെൻഡ്ഫോർഡാണ് ലീഡെടുത്തത്. മറ്റു മത്സരങ്ങളിൽ ഫുൾഹാം വെസ്റ്റ്ഹാം ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. ക്രിസ്റ്റൽ പാലസും ലെസ്റ്ററും രണ്ട് ഗോൾവീതം നേടിയും ബ്രൈട്ടൻ-ഇസ്പിച് ടൗൺ ഗോൾരഹിത സമനിലയിലും പിരിഞ്ഞു