ഭുവനേശ്വർ: പന്തടക്കത്തിലും അവസരങ്ങളിലും ഒരു പണത്തൂക്കം മുന്നിൽനിന്നിട്ടും വല കുലുക്കുന്നതിൽ പിറകോട്ടുപോയ റോയ് കൃഷ്ണക്കും സംഘത്തിനും ഐ.എസ്.എല്ലിൽ തോൽവി. ചെന്നൈയിൻ എഫ്.സിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടീമിനെ മടക്കിയത്.
ചെന്നൈ ടീമിനായി ഫാറൂഖ് ശൈഖ് ഇരട്ട ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ ചീമ ഒരു ഗോളും നേടി. ഒഡിഷയുടെ കളിമുറ്റമായ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വൈകാതെ പെനാൽറ്റി വലയിലെത്തിച്ച് ഡീഗോ മൗറീഷ്യോ ആതിഥേയർക്ക് ലീഡും നൽകി. എന്നാൽ, ഒരു ഗോൾ വീണതോടെ ചെന്നൈയിൻ ഉണർന്നത് കളിക്ക് വേഗം നൽകി. ഇരുവശത്തും അവസരങ്ങൾ മാറിമാറിയെത്തിയതിനൊടുവിൽ രണ്ടുവട്ടം വല കുലുക്കി ഫാറൂഖ് ചെന്നൈയിനെ മുന്നിലെത്തിച്ചു.
കളിയുടെ ഗതിക്കെതിരായി ഒരുവട്ടം കൂടി ചെന്നൈയിൻ ഗോൾ നേടി ലീഡുയർത്തി. എന്നാൽ, ആക്രമണമവസാനിപ്പിക്കാതെ തിരിച്ചടിക്കാൻ ശ്രമം തുടർന്ന ഒഡിഷക്കായി അവസാന വിസിലിന് തൊട്ടുമുമ്പ് റോയ് കൃഷ്ണ ഒരു ഗോൾ മടക്കി. എതിരാളികളുടെ ശ്രമങ്ങൾക്ക് അവിടെ വെടിതീർന്നതോടെ അവസാന ചിരിയുമായി ചെന്നൈയിൻ മടങ്ങി. മുഹമ്മദൻ എസ്.സിയാണ് ചെന്നൈ ടീമിന് അടുത്ത എതിരാളികൾ. ഒഡിഷക്ക് ന്യൂഡൽഹിയും.