ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ്. എവേ മത്സരത്തിൽ സതാംപ്ടണെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ടെൻ ഹാഗും സംഘവും തകർത്തത്. മാത്തിസ് ഡി ലിറ്റ് (35ാം മിനിറ്റിൽ), മാർകസ് റാഷ്ഫോഡ് (41), അലജാന്ദ്രോ ഗാർണാച്ചോ (90+6) എന്നിവരാണ് യുനൈറ്റഡിനായി വലകുലുക്കിയത്.
മത്സരത്തിന്റെ 33ാം മിനിറ്റിൽ സതാംപ്ടണ് അനുകൂലമായി ലഭിച്ച പെനാൽറ്റി ആന്ദ്രെ ഒനാന രക്ഷപ്പെടുത്തി. കാമറൂൺ ആർച്ചറിന്റെ കിക്ക് തട്ടിയകറ്റി. റീബൗണ്ട് പന്ത് താരം ഹെഡ്ഡ് ചെയ്തെങ്കിലും നേരെ ഒനാനയുടെ കൈകകളിലേക്ക്. 79ാം മിനിറ്റിൽ ജാക് സ്റ്റെഫൻസ് ചുവപ്പ് കാർഡ് വാങ്ങിയതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് സതാംപ്ടൺ പൊരുതിയത്. ജയത്തോടെ നാലു മത്സരങ്ങളിൽനിന്ന് ആറു പോയന്റുമായി യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് കയറി.
കളിച്ചു നാലു മത്സരങ്ങളും തോറ്റ സതാംപ്ടൺ 19ാം സ്ഥാനത്താണ്. ലീഗിൽ തുടരെ രണ്ട് തോൽവികൾക്ക് ശേഷമാണ് റെഡ് ഡെവിൾസ് വിജയം പിടിച്ചത്. ബ്രൈട്ടനോടും ലിവർപൂളിനോടുമാണ് തോൽവി വഴങ്ങിയത്. സതാംപ്ടൺ തട്ടകമായ സെന്റ്മേരീസ് സ്റ്റേഡിയത്തിൽ കളത്തിലിറങ്ങിയ യുമൈറ്റഡ് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് കളം പിടിച്ചു. 35ാം മിനിറ്റിലാണ് യുനൈറ്റഡ് ആദ്യ ഗോൾ നേടുന്നത്. ഇടതുപാർശ്വത്തിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് ബാക്ക് പോസ്റ്റിലേക്ക് നീട്ടി നൽകിയ ക്രോസ് മാത്തിസ് ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു. ക്ലബിനായുള്ള താരത്തിന്റെ ആദ്യ ഗോളാണിത്.
ആറു മിനിറ്റിനുള്ളിൽ റാഷ്ഫോഡിലൂടെ യുനൈറ്റഡ് ലീഡ് ഉയർത്തി. അമദ് ദിയാലോയുടെ പാസിൽ ബോക്സിന് തൊട്ടു വെളിയിൽനിന്നുള്ള ഷോട്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും കീഴ്പ്പെടുത്തി വലയിൽ കയറി. ദീർഘകാലത്തിന് ശേഷമാണ് യുനൈറ്റഡ് ജഴ്സിയിൽ ഇംഗ്ലീഷ് താരം ലക്ഷ്യംകാണുന്നത്. കഴിഞ്ഞ മാർച്ചിലാണ് താരം അവസാനമായി യുനൈറ്റഡിനായി വലകുലുക്കിയത്.
രണ്ടാം പകുതിയിലും പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും യുനൈറ്റഡ് ആധിപത്യം തുടർന്നു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഡിയാഗോ ഡാലറ്റിന്റെ അസിസ്റ്റിൽനിന്നാണ് ഗർണാചോ മൂന്നാം ഗോൾ നേടുന്നത്.