2026ൽ നടക്കുന്ന ഫിഫാ ലോകകപ്പിൽ ഫുട്ബാളിലെ എക്കാലത്തേയും ഇതിഹാസ താരം ലയണൽ മെസ്സി കളിക്കുമെന്ന് മുൻ അർജന്റീനിയൻ ഇതിഹാസം യുവാൻ റോമൻ റിക്വൽമി. 2026ൽ 39 വയസ്സ് തികയുന്ന മെസ്സി ലോകകപ്പ് കളിക്കുമോ എന്ന് സംശയകരമായ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ മെസ്സി അദ്ദേഹത്തെ എന്നും മിനുക്കി എടുക്കുന്ന താരമാണെന്നും അദ്ദേഹം അടുത്ത ലോകകപ്പിൽ കളിക്കുമെന്നും റിക്വൽമി പറഞ്ഞു. മെസ്സി എന്നും വിജയിക്കാൻ വേണ്ടി പരിശ്രമിക്കുന്നതാണ് താരത്തെ അതുല്യനാക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘മെസ്സി അവനെ തന്നെ എന്നും മിനുക്കിയെടുക്കുന്ന താരമാണ്. നിങ്ങൾക്ക് അറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്. എനിക്ക് ഉറപ്പാണ് അവൻ അടുത്ത ലോകകപ്പിൽ കളിക്കുമെന്നുള്ളത്. അവൻ കളിച്ചേ പറ്റുകയുള്ളൂ. ഞങ്ങളെല്ലാവരും അവൻ കളിക്കുവാൻ വേണ്ടി പിന്തുണക്കുന്നത് കാരണം അവൻ കളിക്കും. ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. എനിക്ക് തോന്നുന്നു അവൻ കളിക്കുമെന്ന്. അത് നല്ലതാണ്, വളരെ സാധാരണയായ കാര്യമാണ്. അവന് മത്സരിക്കുന്നത് ഒരുപാട് ഇഷ്ടമാണ്. ഒരുപാട് മത്സരങ്ങൾ അവൻ വിജയിച്ചിട്ടുണ്ടെങ്കിലും വീണ്ടും ജയിക്കാനുള്ള അവന്റെ ആർജ്ജവമാണ് അവനെ ശക്തനും അതുല്യനുമാക്കുന്നത്,’ പ്രമുഖ പരിപാടിക്കിടെ റിക്വൽമി പറഞ്ഞു.
ഹൃദയം തകരുന്ന ഒരുപാട് മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ഒടുവിൽ 2022ൽ നടന്ന ലോകകപ്പിൽ വിജയിച്ച് കയറിയ താരമാണ് ലയണൽ മെസ്സി. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ടൂർണമെന്റിലെ താരമായാണ് മെസ്സി ഫുട്ബാളിനെ പൂർണമാക്കിയത്. ലോകകപ്പ് വിജയത്തിന് ശേഷം 2026ൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ആ സമയത്തെ ആരോഗ്യം അനുസരിച്ചിരിക്കുമെന്നാണ് മെസ്സി അന്ന് പറഞ്ഞത്. നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ വെച്ചാണ് 2026ലെ ലോകകപ്പ് നടക്കുക.