അനന്ത്പുർ: ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യ ഡി ടീമിന്റെ ഒന്നാം ഇന്നിങ്സ് 183 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ എ വൻ ലീഡിലേക്ക്. സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റിന് 115 റൺസെന്ന നിലയിലാണ് എ. ഒന്നാം ഇന്നിങ്സിൽ ഇവർ 290 റൺസാണ് നേടിയത്. ആകെ 222 റൺസിന് മുന്നിലാണിപ്പോൾ എ ടീം.
ഡി നിരയിൽ 92 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടോപ് സ്കോറർ. സഞ്ജു സാംസൺ അഞ്ച് റൺസുമായി മടങ്ങി. എട്ടിന് 288 എന്ന നിലയിൽ വെള്ളിയാഴ്ച ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച എ 290ന് പുറത്തായി. 89 റൺസെടുത്ത ഷംസ് മുലാനിയുടെതാണ് മികച്ച സംഭാവന. ഡി ബൗളർമാരിൽ നാല് വിക്കറ്റുമായി ഹർഷിത് റാണ മുമ്പനായി. മറുപടിയിൽ വിക്കറ്റുകൾ മുറക്ക് വീണതോടെ ശ്രേയസ് അയ്യരും സംഘവും പതറി. ശ്രേയസ് പൂജ്യത്തിൽ വീണു.
ആഖിബ് ഖാന്റെ പന്തിൽ പ്രസിദ്ധ് കൃഷ്ണ പിടിച്ചാണ് സഞ്ജു കരക്ക് കയറിയത്. ഒരറ്റത്ത് പൊരുതിയ ദേവ്ദത്തിന് പക്ഷേ, സെഞ്ച്വറി നേടാനായില്ല. ആഖിബും ഖലീൽ അഹ്മദും മൂന്നുവീതം വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സ് തുടങ്ങിയ എ ടീമിനായി ഓപണർമാരായ ക്യാപ്റ്റൻ മായങ്ക് അഗർവാളും (56) പ്രഥം സിങ്ങും (59 നോട്ടൗട്ട്) അർധ ശതകങ്ങൾ നേടി. മായങ്കിനെ ശ്രേയസ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. 1998ലെ ഇന്ത്യ -ന്യൂസിലൻഡ് ടെസ്റ്റിന് ശേഷം ആദ്യത്തേതും.