പുത്തന്‍ ഡിസൈനും കൂടുതല്‍ ഫീച്ചറുകളുമായി ഫുള്‍ സൈസ് എസ്.യു.വി അല്‍കസാറിന്റെ പുതിയ പതിപ്പ് ഹ്യുണ്ടായ് വിപണിയിലിറക്കി. ഹ്യുണ്ടായിയുടെ ഇന്റലിജെന്റ് എസ്.യു.വി എന്ന വിശേഷണവുമായി എത്തിയിട്ടുള്ള ഈ വാഹനം ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലായി 70ല്‍ അധികം സുരക്ഷാ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ഐഡന്റിറ്റിയായ സെന്‍ഷ്യല്‍ സ്പോര്‍ട്ടിനെസ് അടിസ്ഥാനമാക്കിയാണ് പുതിയ അല്‍കസാര്‍ ഒരുക്കിയിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ പുതുതലമുറ ക്രെറ്റയോട് ചേര്‍ന്ന് നില്ക്കുന്ന ഡിസൈനാണ് അല്കസാറിനുള്ളത്. പുത്തന്‍ ഡിസൈനില്‍ നിര്‍മിച്ചിരിക്കുന്ന ബമ്പറുകള്‍, വലിയ ഗ്രില്ല്, എച്ച് ഷേപ്പ് ഡി.ആര്.എല്‍, എല്‍.ഇ.ഡി പൊസിഷന്‍ ലൈറ്റ്, രണ്ട് തട്ടുകളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന് ഹെഡ്ലാമ്പ്, വലിയ സ്കിഡ് പ്ലേറ്റ്, വിശാലമായ എയര്‍ഡാം, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിവയാണ് വാഹനത്തിന്റെ ബാഹ്യരൂപത്തില്‍ വരുത്തിയിട്ടുള്ള പ്രകടമായ പ്രധാന മാറ്റങ്ങള്‍. പുത്തന്‍ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയിവീലുകളും വശങ്ങള് ആകര്‍ഷകമാക്കി ക്യാരക്ടര്‍ ലൈനുകളും നല്‍കിയിട്ടുണ്ട്. ബോര്‍ഡറുകള്‍ നല്‍കിയിട്ടുള്ള ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിലും സൈഡ് വ്യൂ മനോഹരമാക്കുന്നതോടൊപ്പം പുതുമകള്‍ നിറച്ച ടെയ്ല്‍ഗേറ്റും സ്റ്റൈലിഷ് അല്‍കസാര്‍ ബാഡ്ജിങ്ങും ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പും വാഹനത്തിന് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്.
സുരക്ഷക്ക് പ്രാധാന്യം നല്കി ഹ്യുണ്ടായിയുടെ സ്മാര്‍ട്ട് സെന്‍സ് ലെവല്‍-2 അഡാസ് ഫീച്ചറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്രൂയിസ് കണ്ട്രോള്, സറൗണ്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ, ഫോര്‍വേഡ് കൊളീഷന്‍ വാണിങ് ആന്‍ഡ് അവോയിഡന്‍സ് അസിസ്റ്റ്, ലെയിന്‍ കീപ്പിങ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്ഷന് വാണിങ് തുടങ്ങി 70ല്‍ അധികം ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സംവിധാനത്തോടെയുള്ള ഡിജിറ്റല്‍ കീ നല്കിയിട്ടുള്ളതാണ് അല്‍കസാറിന്റെ മറ്റൊരു പുതുമ. ഡിജിറ്റല്‍ കീ സംവിധാനത്തോടെ എത്തുന്ന ആദ്യ ഹ്യുണ്ടായ് മോഡലാണിത്. ഡിജിറ്റല്‍ കീ സംവിധാനം മൂന്ന് പേരുമായി പങ്കിടാനും ഏഴ് ഡിവൈസുകളില്‍ ഉപയോഗിക്കാനും സാധിക്കും.
നോബിള്‍ ബ്രൗണ്‍ – ഹേസ് നേവി ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ഒറ്റ പാനലില്‍ തീര്‍ത്തിരിക്കുന്ന 10.25 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്ക്രീനുകളാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകളാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനു നല്‍കിയിരിക്കുന്നത്. ബ്രഷ്ഡ് അലുമിനിയം എലമെന്റുകള്‍ നല്‍കിയാണ് സെന്റര്‍ കണ്‍സോള്‍ അലങ്കരിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റും നല്‍കിയിട്ടുണ്ട്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമാണ് നല്‍കിയിട്ടുള്ളത്.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും അൽകസാർ എത്തുന്നത്. പെട്രോള്‍ എന്ജിന് 160 ബി.എച്ച് പവറും 255 എന്‍.എം. ടോര്‍ക്കും ഉൽപാദിപ്പിക്കും ഡീസല്‍ എന്ജിന് 116 ബി.എച്ച് പവറും 250 എന്‍.എം. ടോര്‍ക്കും നല്‍കും. പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്സുകളും ട്രാന്സ്മിഷന് ഒരുക്കും. പെട്രോള്‍ മോഡലുകള്‍ക്ക് 14.99 ലക്ഷം രൂപയിലും ഡീസല്‍ മോഡലുകള്‍ക്ക് 15.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്.