മുംബൈ: വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് വാഹന വിപണിയുടെ സാധ്യത കണക്കിലെടുത്ത് ഇ.വി വാഹനങ്ങളും ബാറ്ററി ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളും നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇൻഫ്രാസ്ട്രക്ചർ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ബി.വൈ.ഡിയുടെ മുന്‍ എക്സിക്യൂട്ടീവ് സഞ്ജയ് ഗോപാലകൃഷ്ണനെ നിയോഗിച്ചതായും സൂചനയുണ്ട്. പ്രതിവര്‍ഷം 2.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാൻ ശേഷിയുള്ള പ്ലാന്റായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. ഡിമാൻഡ് അനുസരിച്ച് നിര്‍മാണശേഷി 7.5 ലക്ഷം യൂണിറ്റിലേക്ക് ഉയര്‍ത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഇവയുടെ ബാറ്ററികള്‍ നിര്‍മിക്കുന്നതിനുള്ള നീക്കവും റിലയന്‍സ് നടത്തുന്നുണ്ട്. ഇതിനായി പത്ത് ജിഗാവാട്ട് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കാനുള്ള നീക്കമാണ് പുരോഗിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ ശേഷി 75 ജിഗാവാട്ട് ആയി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ റിലയന്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അനില്‍ അംബാനിയുടെ സഹോദരന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും പ്രദേശികമായി ബാറ്ററികള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളിലാണ്. ഇതിനായി കഴിഞ്ഞ ദിവസം 10 ജിഗാവാട്ട് ബാറ്ററി സെല്‍ നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ സബ്സിഡിയും കമ്പനി തേടിയിരുന്നു. ഇലക്ട്രിക് വാഹന വിപണിയില്‍ അതിവേഗമുണ്ടാകുന്ന വളര്‍ച്ചാണ് അംബാനി സഹോദരങ്ങളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിച്ച ആകെ വാഹനങ്ങളില്‍ രണ്ട് ശതമാനത്തോളം ഇലക്ട്രിക് മോഡലുകളായിരുന്നു.