‘ദ് പ്രീസ്റ്റ്’എന്ന ചിത്രത്തിനു ശേഷം ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ‘രേഖാചിത്രം’ എന്നാണ് സിനിമയുടെ പേര്. നടൻ ദുൽഖർ സൽമാൻ ആണ് ടൈറ്റിലും ഫസ്റ്റ് ലുക്കും ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്ന ആസിഫ് അലിയും അനശ്വര രാജനുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.വേറിട്ട ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെടുന്നത്.
മാളികപ്പുറം, 2018 എന്നീ ചിത്രങ്ങള്‍ക്കും റിലീസിനു തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണ് ‘രേഖാചിത്രം’. വേണു കുന്നപ്പിള്ളി ചിത്രം നിർമിക്കുന്നു. രാമു സുനില്‍, ജോഫിന്‍.ടി.ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ചിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
മനോജ്.കെ.ജയന്, ഭാമ അരുൺ, സിദ്ദീഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ തുടങ്ങിയവരാണ് ‘രേഖാചിത്ര’ത്തിലെ മറ്റ് അഭിനേതാക്കൾ. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: ഷാജി നടുവിൽ.