ഗുവാഹത്തി: ബംഗ്ലാദേശിലെ അശാന്തി കണക്കിലെടുത്ത്, ആരും അനധികൃതമായി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതീവ ജാഗ്രതയിലാണെന്ന് അസം പൊലീസ്.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിർദ്ദേശം നൽകിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ജി. പി. സിങ് പറഞ്ഞു.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് അവരുടെ രേഖകൾ കൃത്യമായി പരിശോധിച്ച ശേഷം സാധുതയുള്ളതായി കണ്ടെത്തിയാൽ പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോർട്ടും വിസയും പരിശോധിച്ച ശേഷം അയൽരാജ്യത്തെ പൗരന്മാരെ ബംഗ്ലാദേശിലേക്ക് തന്നെ തിരികെ കൊണ്ടുപോകുമെന്ന് കേന്ദ്രം മറ്റൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഒരാളുടെയും പ്രവേശനം ഉണ്ടായിട്ടില്ലെന്നും അസം പൊലീസ് ബി.എസ്.എഫുമായി സംയുക്ത പെട്രോളിങ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും ഡി.ജി.പി വ്യക്തമാക്കി. പരേഡ് ഗ്രൗണ്ടിൽ സുരക്ഷ ശക്തമാക്കാൻ എസ്.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.