ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ടോക്കിയൊ ഒളിമ്പിക്സിൽ സ്വർണം നേടിയ താരം പാരിസ് ഒളിമ്പിക്സിൽ വെള്ളിയും സ്വന്തമാക്കി. താരത്തിന്റെ മത്സരങ്ങളിലെ പ്രകടനത്തോടൊപ്പം പെരുമാറ്റത്തിനും ഒരുപാട് ആരാധകരുണ്ട്. നീരജിനെ മറികടന്ന് സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമിന്റെ അടുത്ത സുഹൃത്ത് കൂടെയാണ് ചോപ്ര. ഒളിമ്പിക്സ് 2036ൽ ഇന്ത്യയിലേക്ക് വന്നാൽ മികച്ചതായിരിക്കുമെന്ന് പറയുകയാണ് താരമിപ്പോൾ. തങ്ങളുടെ മത്സരങ്ങൾ കാണുവാൻ ഇന്ത്യക്കാർ കാത്തിരിക്കുന്നത് ഒരുപാട് സന്തോഷം നൽകുന്നതാണെന്നും ചോപ്ര പറയുന്നു.
‘2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ വെച്ച് നടത്തിയാൽ മികച്ചതായിരിക്കും. ഇന്ത്യൻ സ്പോർട്സിന് അത് നല്ലതായിരിക്കും. ആളുകൾ ഞങ്ങളുടെ മത്സരം കാണുന്നത് സന്തോഷം തരുന്ന കാര്യമാണ്. അവർ രാവിലെ നേരത്തെ എഴുന്നേറ്റും രാത്രി വൈകി കിടന്നും ഞങ്ങളുടെ മത്സരങ്ങൾ കാണുന്നു. ഇന്ത്യയുടെ കായിക സംസകാരം മാറുന്നതിന്റെ അടയാളമാണ് ഇത്,’ ചോപ്ര പറഞ്ഞു.
കായിക രംഗത്ത് ഇന്ത്യയും പാകിസ്താനും എന്നു കളിക്കുന്നുണ്ടെന്നും എന്നാൽ ബോർഡറിൽ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിൽ നീങ്ങാനാണ് എല്ലാവർക്കും ഇഷ്ടമെന്നും എന്നാൽ അത് നമ്മുടെ കയ്യിലല്ലെന്നും നീരജ് കൂട്ടിച്ചേർക്കുന്നുണ്ട്. ‘കായിക താരങ്ങളെന്ന നിലയിൽ ഇന്ത്യയും പാകിസ്താനും എന്നും മത്സരിക്കുന്നുണ്ട്. എന്നാൽ ബോർഡറിൽ നടക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. നമ്മുക്ക് എല്ലാ കാര്യത്തിലും സമാധാനം വേണം, എന്നാൽ ഇതൊന്നും നമ്മുടെ കയ്യിലല്ല,’ ചോപ്ര പറഞ്ഞു.
നീരജിന്റെയും അർഷാദിന്റെയും സൗഹൃദം ലോകം മുഴുവൻ ചർച്ച ചെയ്ത കാര്യമാണ്. സ്പോർട്സിന് ഭിന്നിപ്പുകളും അന്തരങ്ങളും കുറക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇരുവരും തമ്മിലുള്ള ബന്ധം.