ഇതിഹാസ താരമായ എം.എസ്. ധോണിയെ ടീമിൽ അൺക്യാപ്ഡ് താരമായി നിലനിർത്താനുള്ള ശ്രമത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ്. അതിനായി 2021 വരെ പ്രാബല്യത്തിലുണ്ടായിരുന്ന നിയമം പൊടി തട്ടിയെടുക്കാനാണ് സി.എസ്.കെയുടെ ശ്രമം. വിരമിച്ചിട്ട് അഞ്ച് വർഷമായ താരങ്ങളെ അൺക്യാപ്ഡ് കളിക്കാരാക്കാം എന്ന നിയമം 2021 വരെ ഐ.പി.എല്ലിൽ നിലനിന്നിരുന്നു. എന്നാൽ 2022ൽ ഐ.പി.എൽ 10 ടീം ആയപ്പോൾ ഈ നിയമം എടുത്ത് കളയുകയായിരുന്നു.
ഈ നിയമം പൊടിതട്ടിയെടുത്താൽ സി.എസ്.കെക്ക് ലാഭം മാത്രമെ ഉണ്ടാകുകയുള്ളൂ. ധോണിയെ ടീമിൽ നിലനിർത്തുന്നതോടൊപ്പം ഒരു ഇന്ത്യൻ താരത്തെ നിലനിർത്തിക്കൊണ്ട് ടീമിനെ ശക്തിപ്പെടുത്താനും സി.എസ്.കെക്ക് സാധിക്കും. ഈ നിയമം രസകരമായ സംവാദങ്ങൾക്ക് വഴിയൊരുക്കുമെന്ന് പറയുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. ധോണിയെ പോലൊരു താരം അൺക്യാപ്ഡ് പ്ലെയറായി കളിക്കുമോ എന്നാണ് കണ്ടറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ധോണിയെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ എല്ലാവരും സംസാരിക്കുമെന്നും അശ്വിൻ പറഞ്ഞു.
‘ധോണി അൺക്യാപ്ഡ് താരമായി കളിക്കുമോ? അതാണ് ഏറ്റവും വലിയ ചോദ്യം. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് വർഷങ്ങളായി കളിച്ചിട്ടില്ല എന്നുള്ളത് പോയന്റാണ്. അദ്ദേഹം വിരമിച്ചതാണ്, അതിന്റെ അർത്ഥം ക്യാപ്ഡ് അല്ലെന്നാണ്. എന്നാൽ ധോണിയെ പോലൊരു താരം അൺക്യാപ്ഡ് കളിക്കാരനായി കളിക്കുമോ? അത് വേറൊരു ചോദ്യം തന്നെയാണ്. ധോണിയെ കുറിച്ച് ആരെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ എല്ലാവരും പിന്നെ അതിന്റെ പിറകെയായിരിക്കും എന്നുള്ളത് വാസ്തവമാണ്,’ അശ്വിൻ പറഞ്ഞു.