ചെന്നൈ: തമിഴ് സീരിയൽ നടി വി.ജെ. ചിത്ര മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ തെളിവില്ലെന്ന് കോടതി. ഭർത്താവ് ഹേമന്ത് ഉൾപ്പെടെയുള്ളവരെ വിട്ടയക്കാൻ തിരുവള്ളൂർ ഫാസ്റ്റ് ട്രാക്ക് മഹിളാ കോടതി ജഡ്ജി രേവതി ഉത്തരവിട്ടു.
ചിത്രയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനാകുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
2020 ഡിസംബറിലാണ് പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിൽ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവാണ് കാരണമെന്നും ആരോപിച്ച് നടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
മറ്റു നടന്മാർക്കൊപ്പം ഇൻ്റിമേറ്റ് സീനികൾ അഭിനയിക്കുന്നതിനെ ഭർത്താവ് എതിർത്തിരുന്നു. മറ്റ് നടന്മാർക്കൊപ്പം അഭിനയിക്കുന്ന കാര്യം പറഞ്ഞ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഡിസംബർ 15 ന് ഹേമന്ത് അറസ്റ്റിലായി. 2021 മാർച്ച് 2ന് ജാമ്യം ലഭിച്ചു.