കോയമ്പത്തൂർ: കോയമ്പത്തൂർ യാത്രികർക്ക് ആത്തുപ്പാലം മുതൽ ഉക്കടം വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി. നിർമാണം പൂർത്തിയാക്കിയ ഉക്കടം മേൽപ്പാലം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
3.8 കി.മീ നീളത്തിലാണ് പാലം നിർമിച്ചത്. ഉക്കടം തടാകത്തോട് (പെരിയകുളം) ചേർന്നാണ് ഇതുള്ളത്. ആത്തുപ്പാലം മുതൽ ഉക്കടം വരെയുള്ള രണ്ടരക്കിലോമീറ്റർ ദൂരം താണ്ടാൻ നേരത്തെ അരമണിക്കൂറിലേറെ എടുക്കുമായിരുന്നു. എന്നാൽ, പാലം വന്നതോടെ കേവലം മൂന്നര മിനിറ്റിൽ ഈ ദൂരം സഞ്ചരിക്കാം.
പാലക്കാട്, പൊള്ളാച്ചി യാത്രികർക്കാണ് മേൽപ്പാലം ഏറെ ഗുണംചെയ്യുക. പാലത്തിന്റെ 96 ശതമാനം നിർമാണമാണ് പൂർത്തിയായത്. ഉക്കടം ഭാഗത്തു നിന്നു ചുങ്കം റോഡിലേക്ക് ഇറങ്ങുന്ന റാംപിന്റെ നിർമാണം ഒരു മാസത്തിനകം പൂർത്തിയാക്കും.
അതേസമയം, മേൽപ്പാലത്തിൽ വാഹനങ്ങൾ നിർത്തുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്ന് മുന്നറിയിപ്പുണ്ട്. നഗരത്തിന്റെയും ഉക്കടം തടാകത്തിന്റെയും കാഴ്ച ആസ്വദിക്കാനും ഫോട്ടോ പകർത്താനുമായി നിരവധി ബൈക്ക്, കാർ യാത്രികർ പാലത്തിൽ വാഹനം നിർത്തിയിറങ്ങുന്നുണ്ട്.