കോഴിക്കോട്: റിട്ട. ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചു ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവും കൈക്കലാക്കിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെയാണ് (34) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിരമിച്ച ശേഷം കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരുകയായിരുന്ന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ കാസർകോട് സ്വദേശിയായ ഇർഷാനയുമായി വിവാഹാലോചന നടത്തി. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറോട് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പ്രതികൾ വിവാഹത്തിനായി കോഴിക്കോട്ടേക്ക് വരാൻ ആവശ്യപ്പെട്ടു. വിവാഹത്തിന് കോഴിക്കോട് എത്തിയപ്പോൾ സഹോദരനെന്ന് പരിചയപ്പെടുത്തിയ പ്രതികളിലൊരാൾ ഇർഷാനയെ നിക്കാഹ് ചെയ്തു കൊടുത്തു.
വിവാഹശേഷം ഒന്നിച്ച് താമസിക്കുന്നതിന് വീട് പണയത്തിന് എടുക്കാനെന്നുപറഞ്ഞ് പ്രതികൾ പരാതിക്കാരനെ കൊണ്ട് അഞ്ചുലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. അക്കൗണ്ടിൽ പണം എത്തിയശേഷം പണയത്തിന് എടുത്ത വീട് കാണണമെന്നു പറഞ്ഞ ഡോക്ടറെയും കൂട്ടി പുറപ്പെട്ട പ്രതികൾ, തന്ത്രപൂർവം പരാതിക്കാരനെ ഒഴിവാക്കി കാറിൽ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈൽ ഫോൺ, ടാബ് എന്നിവ എടുത്ത് കടന്നുകളയുകയായിരുന്നു. പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ കാസർകോട് ജില്ലയിൽ വെച്ച് മുഖ്യപ്രതിയായ ഇർഷാനയെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സബ് ഇൻസ്പെക്ടർ രഘുപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നിഖിൽ, ശ്രീകാന്ത്, എ.വി. രശ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ സമാന രീതിയിൽ മറ്റു സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും കേസിലെ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാല് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.