ആലപ്പുഴ: ചേർത്തല സ്വദേശി ഇന്ദുവിന്റെ മരണം തുമ്പച്ചെടി തോരൻ കഴിച്ചല്ല എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ഇന്ദുവിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ചേർത്തല എക്സ്റേ കവലക്കുസമീപം ദേവീ നിവാസിൽ നാരായണന്റെ ഭാര്യ ജെ. ഇന്ദുവാണ് (42) കഴിഞ്ഞ ദിവസം മരിച്ചത്. തുമ്പച്ചെടി ഉപയോഗിച്ച് തയാറാക്കിയ തോരൻ കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ഉണ്ടായതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച പുലർച്ച മൂന്നിന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിക്കുകയായിരുന്നു.
അടുത്തിടെ അരളിപ്പൂ കഴിച്ചതിന് പിന്നാലെ ഹരിപ്പാട് സ്വദേശിനിയായ യുവതി മരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തുമ്പച്ചെടി കഴിച്ച് മരണം സംഭവിച്ചതെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നത്.