നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ബറോസ് സെപ്റ്റംബർ 11 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം തിയറ്ററുകളിലെത്താൻ വൈകിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.സിനിമയുടെ റിലീസ് ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.
മോഹൻലാലിനെ കൂടാതെ മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ ബറോസിൽ എത്തുന്നുണ്ട്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയവര്‍ ചിത്രത്തിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത് .