ബംഗളൂരു: കർണാടകയിലെ ബെല്ലാരി ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. തുടർന്ന് 35,000 ക്യുസെക്സ് വെള്ളം അതിവേഗത്തിൽ നദിയിലേക്ക് ഒഴുകി. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാമിന്റെ ഗേറ്റ് ഇത്തരത്തിൽ തകരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ 19ാം ഗേറ്റാണ് തകർന്നത്. 33 ഗേറ്റുകളാണ് ഡാമിന് ആകെയുള്ളത്. അറ്റകൂറ്റപണികൾ നടത്തണമെങ്കിൽ 60,000 മില്യൺ ക്യുബിക് ഫീറ്റ് വെള്ളം നദിയിലേക്ക് ഒഴുക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
ജലനിരപ്പ് സുരക്ഷിതമായ തോതിൽ നിലനിർത്താനായി ഞായറാഴ്ച രാവിലെ തുംഗഭദ്ര ഡാമിന്റെ 33 ഗേറ്റുകളും തുറന്നു. ഇതുവരെ ഒരു ലക്ഷം ക്യുസെക്സ് വെള്ളം ഡാമിൽ നിന്നും ഒഴുക്കി വിട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് കൊപ്പൽ, വിജയനഗര, ബെല്ലാരി, റായ്പൂർ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.