ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ജയ്ശങ്കർ മാലദ്വീപിലെത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായിരുന്നു ഇരുവരുടെയും സംഭാഷണത്തിൽ മുൻഗണന. ഇതടക്കം നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. 2023 ജനുവരിയിലും ജയ്ശങ്കർ മാലദ്വീപ് സന്ദർശിച്ചിരുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചൈനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന നേതാവായിരുന്നു മുയിസു. മുയിസു ഒമ്പത് മാസം മുമ്പ് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. അധികാരത്തിൽ വന്ന ശേഷം മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ശക്തമായി ആവശ്യപ്പെട്ടിരുന്നു. മുയിസു സർക്കാരിലെ മന്ത്രിമാർ ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ഇതോടെ മാലദ്വീപിന് നൽകിവന്ന സഹായം ഇന്ത്യ നിർത്തി. ഇന്ത്യയിൽ നിന്നുള്ള ടൂറിസവും നിലച്ചു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന്കണ്ടപ്പോൾ മാലദ്വീപ് ഇന്ത്യയോട് മാപ്പു പറഞ്ഞു.
തുടർന്ന് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടായി. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് മുയിസുവിനും ക്ഷണമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ജയശങ്കറിന്റെ മാലദ്വീപ് സന്ദർശനം.