ഹൈദരാബാദ്: ആറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിന് നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ (ജി.എച്ച്.എം.സി) നാല് ജീവനക്കാരെയാണ് വ്യാജരേഖ ചമച്ച് വഞ്ചിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭൂമി സംബന്ധിച്ച് വ്യാജ രേഖകൾ ഉണ്ടാക്കാൻ മൂന്ന് വ്യക്തികളുമായി സഹകരിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
രാജേന്ദ്രനഗറിലെ ജി.എച്ച്.എം.സിയുടെ സർക്കിൾ നമ്പർ 11 ഓഫിസിൽ പ്രവർത്തിക്കുന്ന മുഹമ്മദ് കബീറുല്ല ഖാൻ, എൻ. കൃഷ്ണ മോഹൻ, ഹെഡ് ഓഫിസിലെ കെ. ശ്രീനിവാസ് റെഡ്ഡി, എ. ദീപക് എന്നിവരാണ് അറസ്റ്റിലായ ഉദ്യോഗസ്ഥർ.
റോഡുകൾ വികസിപ്പിക്കാൻ കോർപറേഷൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇതു തങ്ങളുടെ വസ്തുക്കളെ ബാധിക്കുമെന്ന് ഭയപ്പെട്ട മൂന്ന് വ്യക്തികൾ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വ്യാജ രേഖകൾ സമർപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.