ഭൂമി സൂര്യനുമായി ഏറ്റവും അടുത്തുവരുന്ന കാലമാണ് വേനല്‍. ഈ കാലയളവില്‍ സൂര്യന് ഭൂമിയോടടുത്തു നില്ക്കുന്നതിനാല് ചൂട് വളരെക്കൂടുതലായി അനുഭവപ്പെടും. ഭൂമിയില്‍നിന്നും പരമാവധി ജലാംശം നഷ്ടപ്പെടുന്ന ഈ സമയത്ത് സൂര്യന്റെ ശുഷ്കീകരണപ്രഭാവം മനുഷ്യശരീരത്തെയും സാരമായി ബാധിക്കുന്നു.
ശരീരബലം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വ്യക്തിശുചിത്വത്തിലും ആരോഗ്യപരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
വേനൽക്കാല രോഗങ്ങൾ
ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്ന കാലമാണ് വേനല്‍. പല രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന കാലഘട്ടമായതിനാല്‍ ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറുന്നു. ടൈഫോയ്ഡ്, കോളറ, അതിസാരം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയവ സാധാരണയായി കാണുന്ന ജലജന്യ രോഗങ്ങളാണ്. വായുജന്യരോഗങ്ങളായ ചിക്കന്‍പോക്സ്, അഞ്ചാംപനി, ചെങ്കണ്ണ് എന്നിവയും വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാറുണ്ട്.
കൂടാതെ ചർമത്തിൽ ചൊറി, ചിരങ്ങ്, ചുവന്നു തുടിക്കുക, ഫോട്ടോഡര്‍മറ്റൈറ്റിസ്, ചൂടുകുരു, ചുട്ടു നീറ്റൽ മുതലായ അനുഭവങ്ങൾ ഉണ്ടാവാം. മൂത്രക്കടച്ചിൽ, മൂത്രത്തിൽ പഴുപ്പ്, മൂത്രകല്ല് തുടങ്ങിയവയും ഉഷ്ണകാലത്ത് കാണപ്പെടുന്നു. മാനസിക ഉന്മേഷമില്ലായ്മ, ജോലി ചെയ്യാനുള്ള മടി, സന്തോഷമില്ലായ്മ എന്നിവ പലരിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വെയിലത്ത് ജോലി ചെയ്യുന്നവർ, പ്രായമുള്ളവർ, രക്തസമ്മർദം പോലെ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛർദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.
വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. എന്നാൽ, അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ നേരിട്ട് ഏൽക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. പ്രായമായവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാതപം സാധാരണ ഉണ്ടാകുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് സൂര്യാതപം ഉണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാതപത്തിന്റെ മുഖ്യലക്ഷണം.
ശക്തി കുറഞ്ഞതും വേഗതയിലുമുള്ള നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. ഇത് കോമക്കും ഇടയാക്കാറുണ്ട്. വൃദ്ധജനങ്ങളില്‍ സൂര്യാതപത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങിവരണ്ടിരിക്കും.
വേനൽക്കാലത്ത് ആരോഗ്യത്തോടെ തുടരാൻ ഇക്കാര്യങ്ങൾ
ശരീരത്തിന് ചൂടു പകരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങൾ. ഇവയുടെ കൂടുതലായ ഉപയോഗം ശരീരത്തിന് കൂടുതൽ ഉഷ്ണഗുണം പകരുന്നു. അതു കൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ മസാലകളുടെ ഉപയോഗവും കുറക്കേണ്ടതാണ്. പൊടികൾ ചേർക്കുന്നതിനു പകരം അവ ചതച്ച് ഉപയോഗിക്കേണ്ടതാണ്. അച്ചാറുകൾക്ക് പകരം ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് അരക്കുന്ന ചമ്മന്തി ഉപയോഗിക്കാം.
സാലഡുകള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
ബീറ്റാ കരോട്ടിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, മത്തി-ചൂര തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളാണ്. കൊഴുപ്പ്, വിറ്റമിന്‍ സി, ഇ എന്നിവയും പ്രധാനമാണ്.
രാമച്ചം, മല്ലി, കച്ചോലം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.
തണുപ്പിച്ച പാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ തണുപ്പാണെങ്കിലും ആരോഗ്യകരമല്ല. ശരീരോഷ്മാവിനെയും ദഹന വ്യവസ്ഥയേയും ഇതു സാരമായി ബാധിക്കും. ഇത് പോലെ തന്നെ ആണ് തൈര്. തണുപ്പാണെന്ന് തോന്നുമെങ്കിലും ഇത് ഉൾപ്പുഴുക്കുണ്ടാക്കും. വെണ്ണ മാറ്റി, വെള്ളം ചേർത്ത് തയാറാക്കുന്ന മോര് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. പാല്, നെയ്യ് എന്നിവയും ഉപയോഗിക്കാം. അവയെ ദഹിപ്പിക്കാനുള്ള ശേഷി തന്റെ ദഹന വ്യവസ്ഥക്കുണ്ട് എന്ന് ഉറപ്പ് വരുത്തണം.
ധാരാളം ജലാംശം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
തിളപ്പിച്ചാറിയ വെള്ളം ഇടവിട്ട് കുടിക്കുന്നതാണ് ഉത്തമം. കഞ്ഞിവെള്ളം, നാരങ്ങവെള്ളം, ഇളനീര്, പഴച്ചാറുകള്‍, രാമച്ചം-മല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം, സംഭാരം എന്നിവയും നല്ലതാണ്. മദ്യം, ബിയര്‍, കോള എന്നിവ ഒഴിവാക്കുക. ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇലവര്ഗങ്ങള് എന്നിവ ധാരാളം ഉള്‍പ്പെടുത്തുക. ഇറച്ചി, മുട്ട, വറുത്ത ഭക്ഷണവസ്തുക്കള്‍ എന്നിവ പരമാവധി ഒഴിവാക്കുക.
ലഘുവായ വ്യായാമങ്ങൾ മാത്രം ശീലിക്കുന്നതാണ് ഉത്തമം. അധികമായി വിയർക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാം
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതായാലും വ്യായാമം/ അധ്വാനം കൊണ്ടായാലും. തണുപ്പ് (എ.സി ), ചൂട് (വെയിൽ ) ഇവ മാറി മാറി വരുന്ന സാഹചര്യം ഒഴിവാക്കണം. പെട്ടെന്നുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങളോട് പൊരുത്തപ്പെടാൻ ശരീരത്തിന് ബുദ്ധിമുട്ടാണ്. കൂടാതെ ഇത് ജലദോഷം, നീരിറക്കം തുടങ്ങിയ പ്രശ്നങ്ങൾക്കും വഴി വെക്കും.
ദിവസേന രണ്ടു നേരം കുളിക്കുന്നത് ചൂടുകുരു, ചൊറിച്ചിൽ എന്നിവയിൽ നിന്ന് രക്ഷനേടാൻ ഉപകരിക്കും.
കെമിക്കൽ അടങ്ങിയിട്ടുള്ള സോപ്പുകളുടെയും മറ്റു സൗന്ദര്യവർധക ഉൽപന്നങ്ങളുടെയും ഉപയോഗം കഴിവതും കുറക്കുക
വേനൽ കാലം ശരീരം ഏറ്റവും അധികം ക്ഷീണിക്കുന്ന കാലമായതിനാൽ അതിനനുസൃതമായ വിശ്രമവും ആവശ്യമാണ്. നാം ധരിക്കുന്ന വസ്ത്രങ്ങൾക്കും ചൂടിനെ പ്രതിരോധിക്കാൻ കഴിയും. കൃത്രിമ നൂലുകളായ റേയാൺ, പോളിസ്റ്റർ മുതലായവ വിയർപ്പിനെ ആഗിരണം ചെയ്യുന്നവയല്ല. മറിച്ച് കോട്ടൺ വസ്ത്രങ്ങൾ വായു സഞ്ചാരം ഉറപ്പു വരുത്തുകയും വിയർപ്പിനെ ആഗിരണം ചെയ്യുകയും അതു വഴി ശരീരത്തെ ചൂടിന്റെ കാഠിന്യം കുറക്കാൻ സഹായിക്കും.
വേനൽച്ചൂടിന് ആയുർവേദ പ്രതിവിധി
ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ അതിജീവിക്കാനും ആരോഗ്യം വീണ്ടെടുക്കുന്നതിനും വേണ്ടി ആയുർവേദം ഒരു ശീലമാക്കുകയും ഉഷ്ണകാലത്ത് വരുന്ന എല്ലാ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദത്തിൽ ചെയ്യാവുന്നതുമാണ്. ഉഷ്ണകാലരോഗങ്ങളെ അതിജീവിക്കാനും ശരീരത്തിനും മനസ്സിനും സന്തോഷവും സുഖവും ഉന്മേഷവും ലഭിക്കുവാനും ആയുർവേദ ചികിത്സ ഏറെ സഹായകമാവും.
കാലാവസ്ഥാനുസൃതമായ ദിനചര്യകൾ ആയുർവേദം കൃത്യമായി നിർദേശിക്കുന്നു. നമ്മുടെ ശരീരവും ഈ പ്രപഞ്ചവും പാഞ്ചഭൗതികമായാണ് ആയുർവേദം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കാലാവസ്ഥയിൽ വരുന്ന എല്ലാ മാറ്റവും ജീവജാലങ്ങളിലും കാണപ്പെടുന്നു. അതായത് ഭൂമി ചൂടായിരിക്കുമ്പോൾ നമ്മുടെ ശരീരവും ചൂടായിരിക്കും. ഭക്ഷണ കാര്യങ്ങളിലും ദിവസേന ചെയുന്ന പ്രവൃത്തികളും അല്പം ശ്രദ്ധവെച്ചാൽ ഈ വേനൽക്കാലം നമുക്ക് ബുദ്ധിമുട്ടില്ലാതെ കഴിച്ചുകൂട്ടാം.
പ്രമേഹം, രക്ത സമർദം, കൊളസ്ട്രോൾ മുതലായ രോഗമുള്ളവരും മറ്റ് രോഗങ്ങൾക്ക് ഔഷധം സേവിക്കുന്നവർക്കും ഉഷ്ണകാലം വളരെയേറെ ബുദ്ധിമുട്ടേറിയ കാലമാണ്. അതിനാൽ ഇതിൽ നിന്നുണ്ടാവുന്ന എല്ലാ വിഷമങ്ങളും നീക്കാനും മറ്റ് ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കാനും ഉഷ്ണകാലത്ത് ആയുർവേദ ഔഷധം സേവിക്കുന്നതും ആയുർവേദ ചികിത്സ നേടുന്നതും വളരെയേറെ ഫലപ്രദമാണ്.
ശരീരം എല്ലായ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പലവിധത്തിലുള്ള ത്വഗ്രോഗങ്ങള്‍ക്ക് വഴിവെക്കുന്ന കാലം കൂടിയാണിത്. ഇക്കാലയളവില്‍ ശീത-സ്നിഗ്ധ പ്രധാനമായ തൈലങ്ങള്കൊണ്ടുള്ള അതായത് പിണ്ഡതൈലം, നാല്പാമരാദി കേരം, പഞ്ചാമ്ലതൈലം, ചന്ദനാദി തൈലം, ഹിമസാഗര തൈലം എന്നിവ വേനല്‍ക്കാലത്ത് തേച്ചുകുളിക്കാന്‍ നല്ലതാണ്.
ത്രിഫല, ഇരട്ടി മധുരം എന്നിവ ഇട്ട് വെന്ത വെള്ളംകൊണ്ട് കണ്ണ് കഴുകുക. ത്രിഫല, ചന്ദനം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മരോഗങ്ങളെ അകറ്റാന്‍ ഏറെ ഫലപ്രദമായ മാര്‍ഗമാണ്.
ഞവരക്കിഴി, ഞവരതേപ്പ്, ക്ഷീരധാര, ശിരോധാര, തക്രധാര തുടങ്ങിയ ചികിത്സാവിധികള്‍ നല്ലതാണ്. ജീവിത ശൈലിയിലെ ഈ ചെറിയ മാറ്റങ്ങൾ ചൂടിനെ പ്രതിരോധിക്കാൻ നമ്മളെ സഹായിക്കും. ശരീരത്തിന് സ്വാഭാവികമായ കുളിർമ നൽകുന്ന, ജലാംശത്തെ നിലനിർത്തുന്ന കാര്യങ്ങൾ വേണം ചെയ്യാൻ.
(കോയമ്പത്തൂർ ആയുർവേദിക് സെന്റർ -ബർക്കയിലെ ചീഫ് ആയുർവേദ ഫിസിഷ്യനാണ് ലേഖകൻ)