പാരിസ്: ഒളിമ്പിക്സ് മത്സരങ്ങൾക്കിടെ അവിശ്വസനീയ പ്രകടനങ്ങൾ കൊണ്ടാണ് താരങ്ങൾ ലോകത്തിന്റെ ശ്രദ്ധ നേടാറുള്ളത്. എന്നാൽ, 51ാം വയസ്സിൽ തുർക്കിയക്കായി ഷൂട്ടിങ് റേഞ്ചിൽ പോരാടാനെത്തിയ യൂസുഫ് ദികേക് പ്രകടനം കൊണ്ട് മാത്രമല്ല, അദ്ദേഹം മത്സരിക്കാനെത്തിയ രീതികൊണ്ട് കൂടിയാണ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ചർച്ചാ വിഷയമായിരിക്കുന്നത്.
ഷൂട്ടിങ് മത്സരത്തിന് താരങ്ങൾ എത്തുന്നത് പലവിധ ഉപകരണങ്ങളുമായിട്ടായിരിക്കും. മികച്ച കൃത്യത ലഭിക്കാനും കാഴ്ചയിലെ മങ്ങൽ ഒഴിവാക്കാനും പ്രത്യേക ഗ്ലാസുകളും പുറത്തുനിന്നുള്ള ശബ്ദം കേൾക്കാതിരിക്കാൻ ഇയർ-പ്രൊട്ടക്ടറുകളുമെല്ലാം താരങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, യൂസുഫ് സാധാരണ കണ്ണടയും ഇയർപ്ലഗുകളും ധരിച്ചാണ് വന്നത്. ഷൂട്ട് ചെയ്യുമ്പോൾ ഒരു തോക്കിലും മറുകൈ പാന്റ് പോക്കറ്റിലുമായിരുന്നു. ആ വരവും പോരാട്ടവും വെറുതൊയായില്ല, തുർക്കിയക്കായി 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സെവ്വാൽ ഇളയ്ഡ ടർഹാനൊപ്പം വെള്ളിമെഡൽ കഴുത്തിലണിഞ്ഞാണ് യൂസുഫ് തിരിച്ചിറങ്ങിയത്. ഇവർക്ക് പിന്നിലാണ് ഇന്ത്യൻ താരങ്ങളായ മനുഭാകറും സരബ്ജോതും മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്.
അഞ്ചാമത്തെ ഒളിമ്പിക്സിനായാണ് യൂസുഫ് പാരിസിൽ എത്തുന്നത്. എന്നാൽ, ആദ്യമായാണ് മെഡൽ നേടാനാവുന്നത്. നിരവധി പേരാണ് യൂസുഫിന്റെ ഷൂട്ടിങ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.