മനാമ: വയനാട് മുണ്ടക്കൈയിലുണ്ടായ അപകടം കവർന്നെടുത്തവരിൽ ബഹ്റൈൻ പ്രവാസിയായ ശിഹാബിന്റെ വല്യുമ്മയും മാമന്റെ അഞ്ചംഗ കുടുംബവുമുണ്ട്. പുലർച്ചയുണ്ടായ പെരുവെള്ളപ്പാച്ചിൽ വീടിന്റെ മുറ്റത്തുകൂടി പോയതുകൊണ്ടുമാത്രമാണ് ശിഹാബിന്റെ വയോധികരായ വാപ്പയും ഉമ്മയും രക്ഷപ്പെട്ടത്.
വാപ്പയെയും ഉമ്മയെയും മാമന്റെ സംരക്ഷണയിലാക്കിയാണ് ജീവസന്ധാരണത്തിനായി ശിഹാബ് പ്രവാസഭൂമിയിലേക്ക് വിമാനം കയറിയത്.
അയൽപക്കത്തുണ്ടായിരുന്ന ഉമ്മയുടെ എളാപ്പ, മൂത്താപ്പ, ഇവരുടെ മക്കൾ എന്നിവരെല്ലാം മണ്ണിനടിയിലായി. അർധരാത്രി വലിയ ശബ്ദം കേട്ടുണർന്ന ശിഹാബിന്റെ വാപ്പ പാറമ്മൽ കരീം ഉമ്മ റംലത്തിനെയും കൂട്ടി മുകളിൽ കുന്നിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിക്ക് തണുത്തുവിറച്ച് കുന്നുകയറിയ വാപ്പയെയും ഉമ്മയെയും സന്ധ്യക്ക് ഏഴുമണിക്കാണ് സൈന്യമെത്തി രക്ഷപ്പെടുത്തി മേപ്പാടിയിലെത്തിച്ചതെന്ന് ശിഹാബ് പറയുന്നു. അപകടമുണ്ടായ ചൊവ്വാഴ്ച പുലർച്ച മുതൽ വീട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെയാണ് വാപ്പയും ഉമ്മയും സുരക്ഷിതരാണെന്ന വിവരം കിട്ടിയത്.
പക്ഷേ, സമീപത്തുണ്ടായിരുന്ന ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം ഇനി ഓർമകളിൽ മാത്രമാണെന്നറിയിച്ചതിന്റെ ഞെട്ടലിൽനിന്ന് ശിഹാബ് മോചിതനായിട്ടില്ല. തൊട്ടയൽപക്കത്തായിരുന്നു മാമൻ ഷരീഫിന്റെ വീട്. ആ വീട് ഇരുന്ന സ്ഥലത്ത് ഇപ്പോൾ ഒന്നും ബാക്കിയില്ല. മാമന്റെ ഭാര്യ ഫൗസിയ ബാനുവും മക്കളായ അഫ്ന ഷെറിൻ, അസ്ന, അഷിന എന്നിവരും വല്യുമ്മ പാത്തുമ്മക്കുട്ടിയുമടങ്ങുന്ന ആറംഗ കുടുംബം ഇപ്പോഴില്ല. ഇവരിൽ കുട്ടികൾ മൂന്നുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കിട്ടിയത്.
മേപ്പാടി ടൗണിൽ കാരാടൻ സ്റ്റോറിലെ ജീവനക്കാരനായിരുന്ന മാമന് അങ്ങോട്ട് താമസം മാറ്റാൻ പദ്ധതിയുണ്ടായിരുന്നു. വല്യുപ്പയുടെ 41ാം ചരമദിനം കഴിഞ്ഞ് അടുത്തയാഴ്ച മാറാനിരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം മഴക്കാലത്ത് കുടുംബങ്ങളെല്ലാം മാറിത്താമസിച്ചിരുന്നു. ഈ വർഷവും മാറാൻ താൻ പറഞ്ഞിരുന്നതാണെന്നും ശിഹാബ് ഓർമിക്കുന്നു. എന്നാൽ, മഴയുടെ ശക്തി കുറഞ്ഞെന്നും ആരും മാറിത്താമസിച്ചിട്ടില്ലെന്നുമാണ് വാപ്പ പറഞ്ഞത്.
ശിഹാബിന്റെ ഭാര്യയും മൂന്നുമാസമായ കുഞ്ഞും മേപ്പാടിയിലെ ഭാര്യാഗൃഹത്തിലായിരുന്നു. മനാമയിൽ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലിക്കാരനാണ് ശിഹാബ്.